Monday, May 17, 2021

സുന്ദരിയും ശങ്കുവും

ആരോ ഉപേക്ഷിച്ചതാണ് സുന്ദരിയെ. ജനിച്ചപ്പോൾ തന്നെ .ചിറ്റപ്പൻ എടുത്ത് വളർത്താൻ കെട്ടിയിട്ടു.മദ്യലഹരിയും ഒപ്പം സ്നേഹവും കൂടുമ്പോഴൊക്കെ ചിറ്റപ്പൻ അവളെ അടിക്കാൻ തുടങ്ങി. ഒരിക്കൽ കഷ്ടം തോന്നിയ എന്റെ അമ്മ കെട്ടഴിച്ച് വിട്ടു. പിന്നെ എന്റെ വീട്ടിലെ സ്ഥിരം സാന്നിധ്യമായി. ആഹാരം കിട്ടിയപ്പോൾ നന്ദിയോടെ അവിടെ കൂടി.

അച്ഛന്റെ അപ്പച്ചിയാണവൾക്ക് സുന്ദരി എന്ന പേരിട്ടത്. ഒരു സുന്ദരിയായ മനുഷ്യ സ്ത്രീയുടേത് പോലെ തോന്നിയിരുന്നു അവളുടെ മുഖവും. പെട്ടെന്നവൾ എല്ലാവര്ക്കും പ്രിയങ്കരിയായി. അലഞ്ഞു നടന്ന അവൾ തീരെ ചെറുതിലെ ഒന്ന്  പ്രസവിച്ചു. ഒരു കുട്ടി മാത്രം. സുന്ദരിയെപ്പോലെ സുന്ദരക്കുട്ടൻ. അതും ഇടക്ക് വീട്ടിൽ വരാൻ തുടങ്ങി. അത് വരെ കോഴിയെ അല്ലാതെ ഒന്നും വളർത്തിയിട്ടില്ലാത്ത ഞങ്ങൾ അതിനെ വളർത്തിയാലോ എന്ന് ആലോചിച്ചു. പിന്നീടതിനെ കാണാതായി. ചിറ്റപ്പൻ മറ്റാർക്കോ കൊടുത്തിരുന്നു.

ഇടക്ക് സുന്ദരിയെ കെട്ടിയിട്ടു വളർത്തിയാലോ എന്ന ഞങ്ങൾ ആലോചിച്ചു. അവളുടെയും ഞങ്ങളുടെയും സുരക്ഷയെ കണക്കിലെടുത്തതായിരുന്നു അത്. ഒരു ചങ്ങല വാങ്ങി മതിലിൽ ചേർന്ന് നിന്ന ചെമ്പരത്തിയുടെ ചോട്ടിൽ കെട്ടിയിട്ടു. സ്വാതന്ത്ര്യം ജന്മനാ നേടിയെടുത്തിരുന്ന ആ ഫെമിനിസ്റ്റ് അസ്വസ്ഥതകൾ കാണിച്ചു. കിടന്നുരുണ്ട് വെപ്രാളം കാണിച്ച് മതിലിനപ്പുറത്തേക്കൊരു ചാട്ടം. ചങ്ങല കഴുത്തിൽ തൂങ്ങി കുറെ പിടച്ചു. പിന്നീടെങ്ങനെയോ ഊരിക്കൊണ്ട് പാഞ്ഞു. അവൾക്ക് ചില ലോക്കൽ കാമുകന്മാരുണ്ടായി. അതിൽ പ്രധാനി കണ്ടാൽ നോക്കാൻ തോന്നാത്ത ഒരു ചാവാലി. പ്രേമത്തിന് കണ്ണൊന്നും ഇല്ലെന്നല്ലേ.ഞങ്ങടെ കണ്ണ് വെട്ടിച്ച് വീടിന്റെ ടെറസ്സിലൊക്കെ അവർ സമയം പങ്കിട്ടും. ആരെങ്കിലും അപ്രതീക്ഷിതമായി ചെന്നാൽ പെട്ടെന്ന് അവൾ മാത്രം ഓടി വന്ന് സ്നേഹം കാട്ടും. കാമുകനെ മറയ്ക്കുന്നതാണ്. കാമുകൻ മറ്റൊരു വഴിയേ അപ്പോഴേ കടക്കും.

Monday, September 23, 2019

കൊതി

ഈയിടക്ക് ഒരു ശവസംസ്കാരത്തിന് പോയി.

കർമ്മങ്ങൾ നടക്കുന്നു. ഒരാൾ സുഹൃത്തിനോട്  തമാശയായി പറയുന്നത് കേട്ടു.

"ഇന്നലെ രാത്രി കറക്കം കഴിഞ്ഞ് ദോശയും ചിക്കനുമൊക്കെ കഴിച്ച് അടിപൊളിയായി കിടന്ന ആളാണ്.ഇപ്പൊ കണ്ടില്ലേ"

പറയുമ്പോ ചുണ്ടത്തൊരു പരിഹാസവും ഉള്ള പോലെ തോന്നി.മരണ വീട്ടിൽ ഇങ്ങനെ സംസാരിക്കുന്നതെന്തെന്ന് അൽപ്പം ദേഷ്യത്തോടെ ചിന്തിക്കുമ്പോൾ കേട്ടു നിന്നയാളിന്റെ പ്രതികരണം വന്നു ..

" ടെയ്‌.. നീയിതൊക്കെ കണ്ട് കൊതിയിട്ടു കളയരുത്". 

അസമയത്തെ അനൗചിത്യം എന്ന് ആദ്യം കരുതിയ ഈ സംഭാഷണം പിന്നീട്  ഞാൻ മറ്റൊരു കോണിൽ ചിന്തിച്ചു നോക്കി. സുഹൃത്തിനെപ്പോലെ തങ്ങൾക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന, ഒഴിവാക്കാനാവാത്ത സത്യത്തിന്റെ വേദനയെ ഒരു തമാശയായി ഉൾക്കൊണ്ട് ഒതുക്കിയതല്ലേ അവർ?

മുൻവിധി


സുഖമില്ലാതെ വീണു പോയ ഒരു പോലീസുകാരനെ കുടിയനാക്കിയ വാർത്ത കണ്ടു. അപ്പോൾ മനസ്സിൽ ഒരിക്കൽ കണ്ട മറ്റൊരു ചിത്രം തെളിഞ്ഞു.

എറണാകുളം SRM റോഡിൽ ഒരു ഹോട്ടലിൽ ഞാൻ ഭക്ഷണം കഴിക്കാനിരിക്കുന്നു. റോഡിൽ മുഷിഞ്ഞ വേഷവുമായി ഒരു തമിഴൻ ഒരു ഉന്തുവണ്ടിയിൽ ആക്രി നിറച്ച് തള്ളിക്കൊണ്ടു വരുന്നു. കൂടെ വളരെ ജീർണ്ണിച്ച വസ്ത്രങ്ങൾ ധരിച്ച ഒരു സ്ത്രീയും ചെറിയ ഒരു കുട്ടിയും. അവരുടെ അന്നമായിരിക്കാം ഉന്തുവണ്ടിയിൽ. 

പെട്ടെന്ന് അയാൾ വല്ലാതെ ചുമയ്ക്കുകയും ഛർദ്ദിക്കുകയും ചെയ്തു. സ്ത്രീ പകച്ചു നിൽക്കുന്നു. പരവേശത്തോടെ കണ്ണും തള്ളിക്കൊണ്ട് അയാൾ ഞാനിരുന്ന ഹോട്ടലിലേക്ക് ഓടിക്കയറി. ആരോ കഴിച്ചു പോയ ഉച്ഛിഷ്ടം കിടന്ന ടേബിളിലിരുന്ന വെള്ളം ആർത്തിയോടെ അയാൾ കുടിച്ചു. ജീവൻ പിടിച്ചു നിർത്തും പോലെ  നെഞ്ചും തൊണ്ടയും തടവിക്കൊണ്ട് കുറച്ചു നേരം നിന്നിട്ട് പതുക്കെ ഉന്തുവണ്ടിയ്ക്കരികിലേക്കയാൾ നടന്നു. ഹോട്ടലുടമയും കസ്റ്റമേഴ്സും അവജ്ഞയോടെ നോക്കി നിന്നു. ലഹരി ഉപയോഗമാണെന്നവർ കരുതിക്കാണും. ഒന്നും ഒന്നും ചെയ്യാനില്ലാതെ നോക്കിയിരുന്നെങ്കിലും ഇടയ്ക്കിടെ ആ ചിത്രവും ചില ചോദ്യങ്ങളും മനസ്സിലേക്കു വരും.

അയാൾ വലിയൊരു രോഗിയായിരിക്കുമോ ?
ആഹാരം കഴിച്ചിട്ടുണ്ടാവുമോ?
ശുചിത്വത്തിന്റെയും നല്ല ഭക്ഷണത്തിന്റെയും ആവശ്യകത ആര് പറഞ്ഞു കൊടുക്കും?
അതറിയാമെങ്കിൽ തന്നെ അതവർക്ക് പ്രാപ്യമാണോ ?
അയാൾ തെരുവിൽ മരിച്ചാൽ ആ സ്ത്രീയും കുട്ടിയും എന്ത് ചെയ്യും?

ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിലും മുൻവിധികളില്ലാതെ സമൂഹത്തിലെ സഹജീവികളെ നമ്മൾ മനസ്സിലാക്കേണ്ടതല്ലേ?

നന്മയിലെ അപകടം


ഇടക്കിടെ ഓർത്തു ചിരിക്കുമ്പോഴും ചമ്മലും ഒപ്പം വരുന്നൊരു സംഭവമാണ്. 

ഞാൻ എറണാകുളത്ത് ഒരു വീടിന്റെ മുകൾ നിലയിലായിരുന്നു കുടുംബവുമായി വാടകയ്ക്ക് കഴിഞ്ഞിരുന്നത്. താഴെ വീട്ടുടമസ്ഥയായ ചേച്ചിയും കുട്ടിയും മാത്രമേ ഉള്ളു. ഭർത്താവ് ഗൾഫിലാണ്. ഇടയ്ക്ക് ഭാര്യയും കുട്ടിയും  നാട്ടിൽ പോകുമ്പോൾ ഞാൻ തോന്നിയപോലെ കുറച്ചു ദിവസം ഒറ്റയ്ക്കു നിൽക്കാറുണ്ട്.  ചിലപ്പോൾ എന്റെ ഒരു സുഹൃത്തുമൊത്ത് സെക്കന്റ് ഷോ കാണാൻ പോകും. മിക്ക ദിവസവും വീട്ടിൽ കിടന്നിട്ട് പിറ്റേന്ന് വെളിപ്പിനാണവൻ പോകാറ്. 

ഇതുപോലൊരു ദിവസം ഞാനുണരും മുൻപേ അവൻ എഴുന്നേറ്റു പോയി. അല്പ്പം കഴിഞ്ഞു ഞാൻ ഓഫീസിലും പോയി. ഉച്ചയോടു കൂടി വീട്ടുടമസ്ഥയായ ചേച്ചിയുടെ ഫോണ്‍ കോൾ വന്നു.

 "ആരാ ഉണ്ണീ മതിലു ചാടിയത് ?". 

എനിക്കൊന്നും മനസ്സിലായില്ല. "ഇന്ന് വെളുപ്പിനെ ഒരാൾ ഇവിടുന്ന് മതിലു ചാടി പോയി. അത് എന്നോട് ഉടക്കി നില്ക്കുന്ന അപ്പുറത്തെ വീട്ടുകാരൻ കണ്ടു." ചേച്ചി കട്ട് ചെയ്തു. ഞാൻ കണ്ണു തള്ളി അല്പ്പം നിന്നു. നോർമലായപ്പൊ സുഹൃത്തിനെ വിളിച്ചു. 

"ഗേറ്റ് പൂട്ടിയിരുന്നല്ലോ. നീയെങ്ങനെ പോയി?". 

അവൻ ഗമയിൽ പറഞ്ഞു "നീ നല്ല ഉറക്കമാരുന്നു. ഞാൻ ശല്യപ്പെടുത്താതെ മതിലു ചാടിയിങ്ങു പോന്നു". 

വീണ്ടും കണ്ണു തള്ളിയ ഞാൻ ചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു. വീടൊഴിയേണ്ടി വരും എന്നു ചിന്തിച്ചു നിന്നപ്പോൾ ചേച്ചിയുടെ നിസ്സഹായമായ ശബ്ദം..

 "ഞാൻ ചേട്ടനെ വിളിച്ചു പറഞ്ഞുണ്ണീ ..വേറെ ആരേലും പറഞ്ഞറിഞ്ഞാൽ കുഴപ്പമല്ലേ". 
എന്റെ കണ്ണിനി തളളാൻ ബാക്കിയുണ്ടായിരുന്നില്ല.

വലകൾ


ഇസ്ളാം ഇതര വിശ്വാസക്കാരെ ശത്രുക്കളായി കാണണമെന്ന് പഠിപ്പിക്കുന്ന ഒരു ഓഡിയോ ക്ലിപ്പിനെ പറ്റി ഒരു വാർത്ത ഇന്ന് കണ്ടു. ഓർമ്മ വന്നത് വർഷങ്ങൾക്കു  മുൻപുണ്ടായൊരു അനുഭവമാണ്. 

എറണാകുളത്ത്  പച്ചാളത്തിനടുത്ത് കുറച്ചു കാലം താമസിച്ചിരുന്നു. ഒരിക്കൽ രാവിലെ ഓഫീസിലേക്ക് നടന്നു പോകും വഴി എട്ടു വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ സ്‌കൂളിൽ പോകുന്നത് കണ്ടു. അവനു താങ്ങാൻ കഴിയാത്തൊരു ബാഗും തൂക്കിയുള്ള  നടത്തം കണ്ടപ്പോൾ കൗതുകം തോന്നി പരിചയപ്പെട്ടു. 

 ഞാൻ അവൻ എവിടെ പഠിക്കുന്നുവെന്നും  പേരെന്താണെന്നും മറ്റും ചോദിച്ചറിഞ്ഞു. അവൻ വളരെ സന്തോഷത്തിലായിരുന്നു. ഇടയ്ക്ക്  എന്റെ പേര് ചോദിച്ചു. ഞാൻ ഉണ്ണിയെന്നു പറഞ്ഞു. അവന്റെ മുഖത്തൊരു സംശയഭാവം ഞാൻ കണ്ടു. അവന്റെ രണ്ടാമത്തെ ചോദ്യം എന്നെ ഞെട്ടിച്ചു. " മുസ്ലിം ആണോ? ". കുട്ടിയുടെ അറിവില്ലായ്മയല്ലേ. ഞാൻ ഉത്തരം പറഞ്ഞു "അല്ല". അതിനു ശേഷം അവൻ മിണ്ടിയില്ല. 

അതിനടുത്തൊരു ദിവസം കണ്ടപ്പോൾ ഞാൻ പേരെടുത്ത് വിളിച്ച് അടുത്ത്  ചെന്നു... മുഖത്ത് പോലും നോക്കാതെ അവൻ നടന്നു പോയി. ഞാൻ ഒരുപാട് ചിന്തിച്ചു. ഈ പ്രായത്തിനുള്ളിൽ ആരാണവനിൽ വിഷം നിറച്ചിട്ടുണ്ടാവുക?   വലുതായാൽ അവൻ സമൂഹത്തിൽ എങ്ങനെ പെരുമാറും? ജാതിമതങ്ങളറിയാതെ കെട്ടി മറിഞ്ഞ കുട്ടിക്കാലത്തിന്റെ നന്മയുമോർത്തു. 

എന്റെ പല മതവിഭാഗങ്ങളിലെ സുഹൃത്തുക്കളിൽ ഞാൻ കണ്ടിട്ടില്ലാത്ത ഈ ചിന്തകൾ ചില കുട്ടികളിൽ ആരൊക്കെയോ കുത്തിനിറയ്ക്കുന്നുണ്ടെന്നത് സത്യമാണ്. അത് ഏതെങ്കിലും മതത്തിന്റെ ദോഷമല്ല. ഓരോ മതത്തിന്റെയും നിർവ്വചനക്കാർ നെയ്തു കൂട്ടുന്ന വലകളാണ്. രക്ഷപ്പെടാനാകാതെ പെട്ടുപോകുന്ന വലകൾ..

ഇലയട



ഇന്ന് ചായക്കൊപ്പം ഗീതു ഇലയട ഉണ്ടാക്കി. ഇലയപ്പം കാണുമ്പോഴൊക്കെ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ ഓര്‍മ്മ എനിക്കു വരാറുണ്ട്. 
പൊതിച്ചോറു കൊണ്ടു പോകാന്‍ എനിക്ക് അന്നും ഇന്നും ഇഷ്ടമല്ല. ഉള്ളതിന്റെ അഹങ്കാരമൊന്നുമല്ല.. എന്തോ.. അന്ന് എന്റെ കഴിപ്പ് സാവധാനമായിരുന്നു. എല്ലാവരും തീർന്നാലും ഞാനങ്ങനെ ഇരിക്കും. അതുകൊണ്ട് ഉച്ചക്കുള്ള കൂട്ടുകാരോടോപ്പമുള്ള കളിക്കാൻ കൂടാൻ ഞാൻ മിക്കപ്പോഴും ചോറ് കളഞ്ഞിരുന്നു.
ഒരു ജൂനിയര്‍ പയ്യന്‍ സ്ഥിരമായി ഇലയടയായിരുന്നു ഉച്ചഭക്ഷണത്തിനു കൊണ്ടു വരാറ്. അവന്‍ കൊണ്ടു വരുന്ന ഇലയട കാണുമ്പോള്‍ എനിക്ക് കൊതിയും അസൂയയുമായിരുന്നു. അങ്ങനെ ഒരിക്കൽ ഞാൻ എന്നും ഇതു കൊണ്ടുവരാനുള്ള കാരണം ചോദിച്ചപ്പോള്‍ അച്ഛന്‌ ചെറിയ ചായക്കടയുണ്ടെന്നും അവിടെ വിൽപ്പനക്കുണ്ടാക്കുന്ന അടയാണെന്നും മടിയോടെ പറഞ്ഞു.
ഞാന്‍ വീണ്ടും ചോദിച്ചു.. "ഇതു മാത്രമാണോ? കൂടെയൊന്നുമില്ലേ?" 
അവന്റെ മറുപടി വന്നു "അതിനുള്ളില്‍ പഞ്ചസാരയും തേങ്ങാപ്പീരയുമൊക്കെയുണ്ട്".
അവനന്ന് പാത്രത്തിലടച്ചു കൊണ്ടു വന്നിരുന്നത് ഗതികേടും കഴിച്ചിരുന്നത് അപകര്‍ഷതയുമാണെന്നു മനസ്സിലാക്കാന്‍ പിന്നെയും കാലങ്ങളെടുത്തു.

ഗൃഹാതുരത്വം


2016 .. പത്തനംതിട്ട മുറിഞ്ഞകൽ ഉപാസന വീട്ടിൽ നിന്ന് തിരുവനന്തപുരം പേയാടുള്ള പാർവ്വണം വീട്ടിലേക്ക് ഈ വർഷത്തെ തിരുവോണം മാറി. എങ്കിലും ചില കാര്യങ്ങൾ എന്റെ ഗൃഹാതുരതയെ ശമിപ്പിക്കുന്നുണ്ട്.

മുറ്റത്തെ തുളസിയും മറ്റു ചില ചെടികളും ഒരുപിടി മണ്ണോടെ അവിടെ നിന്ന് കൊണ്ട് വന്നു വച്ചിട്ടുണ്ട്...

കിടപ്പിനും അപരിചിതത്വമില്ല . രണ്ട് കട്ടിലുകൾ അവിടുത്തേതാണ്. 

ജനലുകളും വാതിലുകളുമായി അവിടുത്തെ പറമ്പിലെ വൃക്ഷങ്ങൾ മാറി.

വായിച്ച പുസ്തകങ്ങൾ അവിടുത്തെ ചിതലിന്റെ അല്പം മണത്തോടെ ഇങ്ങോട്ട് കൂടെ കൂട്ടിയിട്ടുണ്ട്.

കിണറ്റിൽ അവിടെ മുറ്റത്ത് നിന്ന നെല്ലിയുടെ പലകയുണ്ട്. 

അതേ സൂര്യചന്ദ്രന്മാർ ഇവിടെയും സാക്ഷികളാണ്.

ഫോണിലെ അക്കങ്ങൾ അമർത്തി ആരോടും സംസാരിക്കാം.

 അവിടെ എത്താൻ രണ്ടര മണിക്കൂർ ഡ്രൈവ് മതി. 

കാലം മാത്രം മാറട്ടെ.. ഞാൻ ഞാൻ മാത്രമാവട്ടെ..